Breaking News

The Girl Who Spreads Light

ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർക്കും,ജീവിതം മടുപ്പാണ് എന്ന് കരുതുന്നവർക്കും ഉള്ള ഒരു കഥയാണിത് ,അനുഭവകഥ.


വർഷങ്ങൾക്ക് മുമ്പ് ഏതാണ്ട് 3 വർഷം മുമ്പ് ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിതമായ ഒരു തിരിച്ചടി,അതുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. എല്ലാം നഷ്ടപ്പെട്ടു എന്ന് ഒരു തോന്നൽ .

ജീവിതത്തോട് തന്നെ വല്ലാത്ത ഒരു പുച്ഛം വെറുപ്പ് എന്നിവ ഉടലെടുക്കാൻ പിന്നെ വേറെ എന്തുവേണം.!


മാനസികസമ്മർദം എന്നെ പൂർണ്ണമായി വേട്ടയാടിയപ്പോൾ ഉള്ളിൽ കരുതിവച്ചിരുന്ന അവസാനതുള്ളി ആത്മബലവും പൂർണമായി ചോർന്നുപോയി. 

പ്രതീക്ഷകൾക്ക് ഇനി സ്ഥാനമില്ല എന്നു തോന്നിയതു കൊണ്ടാകാം നാളെ ഇരുട്ടി വെളുക്കുമ്പോൾ ഞാൻ ഉണരാതെയിരുന്നെങ്കിൽ എന്ന്  ഞാൻ അതിയായി നിനച്ചു പോയി. എന്നാലും ഇല്ലായ്മയിൽ നിന്ന് ഇതുവരെ എത്തിച്ച മാതാപിതാക്കളെ ഓർത്ത് കൊണ്ടാവാം,ഈ കയമോന്ന് നീന്തിക്കടന്നിരുന്നെങ്കിൽ എന്നുള്ള ചിന്ത എന്നെ ഒരു യാത്ര ചെയ്യാൻ പ്രേരിപ്പിച്ചു.

ഒരു അവസാനവട്ട ശ്രമം അത്രതന്നെ.!!


അങ്ങനെ ,ബിഹാറിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രമായ ബോധ്ഗയയിലെ മഹാബോധി ക്ഷേത്രം തിരഞ്ഞെടുത്ത്, അങ്ങോട്ട് തന്നെ പോകാൻ ഞാൻ തീരുമാനിച്ചു. 

എന്നാൽ എൻറെ സമയദോഷം ആണോ അല്ലയോ അറിയില്ല  ആ യാത്ര നടന്നില്ല. അന്നേ ദിവസത്തെ ട്രെയിൻ ക്യാൻസൽ ആവുകയും മറ്റു സർവീസുകൾ താൽക്കാലികമായി നിർത്തി വെക്കുകയും  ചെയ്തു.


ഒടുവിൽ ബിഹാർലേക്കുള്ള യാത്ര പര്യവസാനിച്ചത് തിരുവനന്തപുരത്തുള്ള മണ്ണന്തലയിലുള്ള സുഹൃത്തിൻറെ ഹോസ്റ്റൽ മുറിയിൽ ആണ്.


അന്നേ ദിവസം പെട്ടെന്ന് എടുത്ത ടിക്കറ്റ് ആയതുകൊണ്ട് ജനറൽ ക്ലാസ്സെ ലഭ്യമായുള്ളൂ. തിക്കിനും തിരക്കിനിടയിൽ പെട്ട് ഒരു കണക്കിനാണ് ഞാൻ ഞാൻ കമ്പാർട്ട്മെൻറ് അകത്തേക്ക് പ്രവേശിച്ചത്.

വളരെ സാധാരണക്കാരുടെ ഇടം, ഒരുപക്ഷേ ഇന്ത്യ എന്താണെന്ന് മനസ്സിലാക്കാൻ ആയിട്ട് പണ്ടാരോ പറഞ്ഞത് പോലെ ജനറൽ കമ്പാർട്ട്മെൻറ് കയറിയാൽ മതിയാവും. നന്നായി വസ്ത്രം ധരിച്ചവരും തീരെ മുഷിഞ്ഞ വസ്ത്രം ധരിച്ചവരും അങ്ങനെ സമ്മിശ്രം ആയിട്ടുള്ള വസ്ത്രാലങ്കാര രീതിയിൽ ഒത്തിരിയേറെ ആളുകൾ ഉണ്ടായിരുന്നു. ഫോണിലും പുസ്തകങ്ങളിലുമായി അവരവരുടെ പരിമിതമായ സ്പേസ് അവർ കൃത്യമായി വിനിയോഗിക്കുന്നു.


എറണാകുളം ജംഗ്ഷൻ കഴിഞ്ഞപ്പോൾ തിരക്ക് അൽപം കുറഞ്ഞതായി തോന്നി. അതുവരെ വാതിൽ ഭാഗത്തു നിന്നിരുന്ന ഞാൻ  അല്പം ഉള്ളിലേക്ക് കയറി ഇരിക്കാനുള്ള ഒരിടം കണ്ടെത്തി. നന്നേ തിരക്കുള്ള ഒരു കമ്പാർട്ട്മെൻറ്,


 അന്ന് അപ്പോൾ അവിടെ വച്ചാണ് ആദ്യമായി ഞാൻ ആ ഗാനം കേൾക്കുന്നത് .

ആരോ ആരുടെയോ സെൽഫോണിൽ വെച്ച പാട്ടാണത്.


" മൊഴികളിൽ പറയാതെ മിഴികളിൽ നിറയുന്ന മധുരമാം ഇന്നേതു മൗനം "


ആ വരികൾ എൻറെ ജീവിതത്തോട് ഇണങ്ങിച്ചേർന്ന ആണെന്നുള്ള തോന്നൽ എൻറെ പഴയകാല ജീവിത ഓർമ്മകളെ വീണ്ടും കുത്തിനോവിക്കുകയുണ്ടായി.


സന്ധ്യയോടു കൂടി ഞാൻ തിരുവനന്തപുരത്തെത്തി, തമ്പാനൂരിൽ വന്നിറങ്ങിയ ശേഷം ബസ്സ് കാത്തു നിന്ന  എനിക്ക് ആ ഗാനം വീണ്ടും കേൾക്കാൻ ഇടയായി. ഇത്തവണ കുമളിയിലേക്ക് പോകാനുള്ള ഫാസ്റ്റ് പാസഞ്ചർ ബസ് ലെ കണ്ടക്ടറുടെ ഫോണിലെ റിങ്ടോൺ ആയിരുന്നു അത്.

പിന്നീട് എനിക്ക് പോകാനുള്ള ബസ് വന്നു അതിൽ കയറി ടിക്കറ്റ് എടുത്തത് ഞാൻ അവൻറെ ഹോസ്റ്റൽ മുറിയിലേക്ക് എത്തി.

ഒന്ന് ഫ്രഷായി ആഹാരം കഴിച്ച ശേഷം ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുന്ന  അവസ്ഥയെക്കുറിച്ചും ഇനി എന്താണ് മാർഗം എന്നുള്ളതിനെ കുറിച്ച് ഞങ്ങൾ പരസ്പരം സംസാരിച്ചു ഉറങ്ങാൻ കിടന്നു.


പിറ്റേന്ന് പുലർച്ചെ തന്നെ അവൻ എണീറ്റ് അവൻറെ ക്ലാസിലേക്ക് പുറപ്പെട്ടു.

ഇവിടെയും ഒറ്റയ്ക്ക് ഇരിക്കണം അല്ലോ എന്നുള്ള തോന്നൽ, എന്നെ  ഞാൻ കുറെ നാളുകൾക്കു മുമ്പ് ഒഴിവാക്കിയ വാട്സ്ആപ്പ് വീണ്ടും എടുക്കാൻ പ്രേരിപ്പിച്ചു. വാട്ട്സ്ആപ്പ് സെറ്റിംഗ്സില sent recipient ഓഫ് ആക്കിയതിനുശേഷം മറ്റുള്ളവരുടെ സ്റ്റോറി റീഡ് ചെയ്യുമ്പോഴാണ് ആണ് കഴിഞ്ഞ ദിവസം ഞാൻ കേട്ട ആ രണ്ടു വരി ഗാനം കുറച്ചു പേരുടെ എങ്കിലും സ്റ്റാറ്റസിൽ കാണാൻ സാധിച്ചത്.


വീണ്ടും വീണ്ടും ഈ ഗാനം കേൾക്കാൻ ഇടയായത് കൊണ്ടാവാം ആ ഗാനം ഞാൻ  തിരയാൻ തീരുമാനിച്ചു.

അങ്ങനെയാണ് ഞാൻ ആ വ്യക്തിയുടെ യൂട്യൂബ് ചാനലിൽ വന്നെത്തുന്നത്.


ഏകദേശം ഒരു മൂന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള  ഗാനം.

കേട്ടതിനു ശേഷം ഞാൻ കയ്യിൽ കരുതിയിരുന്നു ചരിത്ര പുസ്തകം എടുത്തു വായിച്ചു.

രണ്ടു ദിവസത്തിനു ശേഷം വീണ്ടും യൂട്യൂബ് എടുത്തു കഴിഞ്ഞപ്പോൾ recommendation ൽ എനിക്ക് ആ വ്യക്തിയുടെ യൂട്യൂബ് ചാനൽ വീണ്ടും സന്ദർശിക്കാൻ കാരണമായി.

ചെറിയ ചെറിയ ഗാനങ്ങളും അതിൽ ചിലത് സ്വന്തമായി പാടിയത്, പിന്നെയുള്ളത് കുറേ ഡ്രോയിങ് ആണ്. മനോഹരമായി ആയി വരച്ചു തീർത്ത ഡിജിറ്റൽ ഉം അതുപോലെതന്നെ മറ്റു പല കലാസൃഷ്ടികളും  അടങ്ങിയ ഒരു യൂട്യൂബ് ചാനൽ .

കുടുംബം ഒത്തുള്ള ഉള്ള ചില രസകരമായ നിമിഷങ്ങളും, ചില ഹാസ്യ ചലച്ചിത്രങ്ങളിലെ  പുനർആവിഷ്കാരവും.

അങ്ങനെ എല്ലാമടങ്ങിയ ഒരു ചാനൽ.

സത്യത്തിൽ ഞാനാ ചാനലിലെ എല്ലാ വീഡിയോസും കണ്ടു തീർത്തു.


മനോഹരമായി കൊണ്ടുപോകുന്ന ആ  ചാനൽ ആരാണ് ഹാൻഡിൽ ചെയ്യുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ എന്നെ ആ വ്യക്തിയിലേക്ക് കൊണ്ടുവന്ന് എത്തിച്ചു.


സദാ ചിരിച്ചുകൊണ്ടിരിക്കുന്ന, വട്ടക്കണ്ണടയുള്ള, നെറ്റി തടങ്ങളിലേക്ക് വീണുകിടക്കുന്ന മിനുസമുള്ള ഉള്ള മുടി.

ഇത്രയും മാത്രമേ ആ യൂട്യൂബ് ചാനൽൻറെ  പ്രൊഫൈലിൽ കാണാൻ സാധിച്ചിരുന്നുള്ളൂ.

അഞ്ജലി!

 അഞ്ജലി സണ്ണി അതായിരുന്നു അവളുടെ പേര്.


മാസങ്ങൾക്ക് അപ്പുറം വീണ്ടും ഞാനാ ഗാനം പലതവണ കേൾക്കാനിടയായപ്പോൾ, ഇത്തവണ ആണ് ആ കുട്ടിയെ കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചു.


അങ്ങനെ ഇൻസ്റ്റഗ്രാമിൽ ആ കുട്ടിയുടെ പ്രൊഫൈൽ കണ്ടു .

കുറേയേറെ നാളുകളായി സോഷ്യൽ മീഡിയ അക്കൗണ്ട് എല്ലാം തന്നെ ഉപേക്ഷിച്ച ഞാൻ, ഈയൊരു ആവശ്യത്തിനായി പുതിയതായി ഗോസ്റ്റ് റൈറ്റർ എന്ന പേരിൽ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തു.


അക്കൗണ്ട് ക്രിയേറ്റ് ചെയ്തതിനുശേഷം അഞ്ജലിയുടെ പ്രൊഫൈൽ സന്ദർശിച്ചു , മനോഹരമായ ചിത്രങ്ങളും,അതുപോലെതന്നെ മനോഹരമായിട്ടുള്ള ഗാനങ്ങളും, മറ്റു സംഗീത ഉപകരണങ്ങൾ വായിക്കുന്ന വീഡിയോസ് കണ്ടു ഞാൻ  സ്ക്രോൾ ഡൗൺ ചെയ്തു.


പെട്ടെന്നായിരുന്നു ഞാൻ നിശ്ചലമായിപ്പോയ ആ നിമിഷം. യൂട്യൂബ് വീഡിയോസ് ലും ഇൻസ്റ്റഗ്രാം ഗാനങ്ങളിലും ആർട്ട് വർക്കുകളിലും  അവളുടെ ചിരിക്കുന്ന മുഖം മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ.

അന്ന് ആദ്യമായിട്ടാണ് ഞാനാ കസേരയും അതിൽ ഘടിപ്പിച്ച ചക്രവും കണ്ടത്.

ആ കാഴ്ച എന്നെ സംബന്ധിച്ച് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു.

എന്തുപറ്റി ?എങ്ങനെയാണ് ?

എന്നൊക്കെയുള്ള ചോദ്യങ്ങൾ എന്നെ ഏറെ അലട്ടി.

അതുവരെ അവളുടെ പ്രൊഫൈൽ കാണണം എന്ന് മാത്രം ആഗ്രഹിച്ച എനിക്ക്,അതിനപ്പുറം അവൾക്ക് എന്താണ് പറ്റിയത് ,അവൾ ആരാണ്, എന്നുള്ള ചോദ്യങ്ങളിൽ ഞാൻ വന്നു നിൽക്കുന്നു.


ഒടുക്കം അവളുടെ പ്രൊഫൈലിൽ പിൻ ചെയ്തിരുന്ന ന്യൂസ് ഹുക്കിന്റെ ആർട്ടിക്കിൾ ഞാൻ കാണാനിടയായി. അതുവഴി അവളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ എനിക്ക് അറിയാൻ സാധിച്ചു.


അഞ്ജലി സണ്ണി, കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശം.

നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ആ കുട്ടിയുടെ കാലുകൾക്ക് വേദന അനുഭവപ്പെടുന്നത്. അതുവരെ മറ്റു കുട്ടികളെപ്പോലെ തന്നെ ചാടുവാൻ , നൃത്തം ചെയ്യുവാൻ ഒക്കെ തന്നെ അവൾക്ക് കഴിഞ്ഞിരുന്നു.

അസഹനീയമായ വേദന കാലുകൾക്ക് ഉണ്ടായപ്പോഴാണ് സ്കൂൾ അധ്യാപകർ ഹോസ്പിറ്റലിൽ കാണിക്കണം എന്നുള്ള നിർദേശം അവളുടെ മാതാപിതാക്കൾ മുന്നിൽ ആവശ്യപ്പെടുന്നത്.

ഒടുവിൽ അതിൻറെ കാരണം അറിയാൻ സാധിച്ചു, മസ്കുലർ ഡിസ്ട്രോഫി എന്ന ജനറ്റിക് പരമായ അസുഖം അതുമൂലം ഉണ്ടാകുന്ന വേദന എന്ന സത്യം അവർ തിരിച്ചറിഞ്ഞത്.


സൗകര്യപ്രദമായ ഒരു കോളേജ് വീട്ടിൽനിന്ന്  പോയി വരാൻ ലഭിക്കാത്തതിനാൽ പ്ലസ് ടു കഴിഞ്ഞപ്പോൾ ഒരു വർഷം ഗ്യാപ്പ് എടുക്കേണ്ടി വന്നു. പിറ്റേവർഷംBBA ക്ക് അഡ്മിഷൻ എടുക്കുകയും ഉം മാസ്റ്റേഴ്സ് എംകോം ചെയ്യുകയും ചെയ്തു.

ഇതിനെല്ലാം ഏറ്റവും കൂടുതൽ സഹായിച്ചിരുന്ന ഒരു കൂട്ടുകാരിയെ കുറിച്ചും അഞ്ജലി പറയുന്നുണ്ട് ഉണ്ട് ലിനി.


എംകോം പഠനത്തിനുശേഷം യുഎഇയിലെ ഒരു കമ്പനിയിൽ അക്കൗണ്ടൻറ് ആയി  ജോലിനോക്കുന്നു. കൂടാതെ ഒഴിവുസമയങ്ങളിൽ ഒക്കെയും മനോഹരമായ ചിത്രം പൂർത്തിയാക്കാനും സമയം കണ്ടെത്തുന്നു. ഇരുന്നൂറിൽ പരം ചിത്രങ്ങൾ ഞാൻ അവളുടെ പ്രൊഫൈലിൽ കണ്ടു.


അപ്പൻറെയും അമ്മയുടെയും  മൂന്നു മക്കളിൽ മൂത്തവളായ അഞ്ജലി സണ്ണി, സ്വന്തം കാലിൽ ഇരുന്ന് നിന്നുകൊണ്ട് തന്നെയാണ് അവളുടെ കുടുംബം സസന്തോഷം പുലർത്തുന്നത്.


മറ്റുള്ളവരുടെ തളർത്തുന്ന വാക്കുകളോ ദയനീയം ആയിട്ടുള്ള സമീപനങ്ങളോ അവളെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നുള്ളത് വ്യക്തമാണ്.


കാര്യങ്ങൾ എല്ലാം വായിച്ചറിഞ്ഞ എനിക്ക് ഒരു കാഴ്ചക്കാരൻ എന്നതിലുപരി ആ വ്യക്തിയോട് വളരെ അടുപ്പവും,വളരെയധികം ബഹുമാനവും, ഒന്നു സംസാരിക്കണം എന്നും തോന്നിപ്പോയി.


ആ ഒരു ധാരണയിൽ ഞാൻ അഞ്ജലിക്ക് മെസ്സേജ് അയക്കുമ്പോൾ ഒരു മറുപടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

കാരണം ഒത്തിരിയേറെ ഫോളോവേഴ്സ് ഉള്ള ആ കുട്ടിക്ക്, ഉറപ്പായും വരുന്ന 100 കണക്കിന് മെസ്സേജുകൾ അതിൽ ഒന്നു മാത്രമാവാം എൻറെത്  എന്നുള്ളത് എനിക്ക് ഉറപ്പായിരുന്നു. മാത്രമല്ല ഞാൻ ക്രിയേറ്റ് ചെയ്ത് എൻറെ പ്രൊഫൈൽ മറ്റൊരു പേരും ആയിരുന്നല്ലോ.


എന്തായാലും ഞാൻ മെസ്സേജ് അയച്ചു, എൻറെ മെസ്സേജ് എല്ലാം തന്നെ ആ കുട്ടി മറുപടി തരികയും ചെയ്തു.

അതെന്നെ വളരെയധികം അത്ഭുതപ്പെടുത്തി.

തികച്ചും അപ്രതീക്ഷിതമായിട്ടുള്ള ആ നിമിഷം എന്നെ വളരെയധികം സന്തോഷവാൻ ആക്കി.


ജീവിതത്തിൽ അന്നേ ദിവസം വരെ ഞാൻ അറിയാത്ത പഠിക്കാത്ത ഒത്തിരി കാര്യങ്ങൾ എനിക്ക് അഞ്ജലിയിലൂടെ പഠിക്കാൻ സാധിച്ചു അറിയാൻ സാധിച്ചു മനസ്സിലാക്കാൻ സാധിച്ചു.


എങ്ങനെ ഒരു ആർട്ടിസ്റ്റ് ആയി മാറി എന്നുള്ള  എൻറെ ചോദ്യത്തിന് ദൈവഹിതം എന്നുള്ളത് മാത്രമായിരുന്നു അവളുടെ മറുപടി.

ഞാൻ പ്രതീക്ഷിച്ച പോലെ വിധിയെ പഴിക്കാനോ ഒന്നുമല്ല അവൾ ശ്രമിച്ചത്.


എന്തു സംഭവിച്ചാലും മുന്നോട്ടുപോകുക എന്നുള്ള തത്വത്തിൽ വിശ്വസിക്കുന്ന ഒരു പാവം കുട്ടി, ചെറിയ സന്തോഷങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുന്ന താൻ സ്നേഹിക്കുന്നവർക്ക് നല്ലത് വരാൻ മാത്രം ആഗ്രഹിക്കുന്ന ഒരു കുട്ടി.


വർഷങ്ങൾക്കു മുമ്പ് താൻ പാടിയ പാട്ടുകൾ കണ്ടു വന്നതാണെന്നും , ഇപ്പോൾ എന്തുകൊണ്ട് പാട്ടുകൾ പാടുന്നില്ല എന്നുള്ളത് ആയിരുന്നു എൻറെ അടുത്ത ചോദ്യം.

എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരു മറുപടി തന്നെയായിരുന്നു ആ കുട്ടിക്ക് പറയാനുണ്ടായിരുന്നത്.


"ഞാനൊരിക്കലും ഒരു ആർട്ടിസ്റ്റ് ആകണം എന്ന് വിചാരിച്ചു മുന്നോട്ടു പോയിരുന്ന ഒരു പെൺകുട്ടി ആയിരുന്നില്ല. ഒരിക്കൽ ഞാനും ലിനിയും കോളേജിലേക്ക് പോകാൻ ഒരുങ്ങി ഓട്ടോറിക്ഷയിൽ കയറിപോയ ഒരു ദിവസം,പെട്ടെന്ന് ഓട്ടോറിക്ഷ ചേട്ടൻ വണ്ടി ബ്രേക്ക് ഇടുകയും പിന്നിലിരുന്ന ബാലൻസ് കിട്ടാതെ മുന്നോട്ട് ആയുകയും ചെയ്തപ്പോൾ കഴുത്ത് കമ്പിയിൽ ഇടിക്കുകയും പിന്നെ സംസാരശേഷി  കുറെയേറെ നാളുകൾക്ക് നഷ്ടപ്പെടുകയും ചെയ്തു. പിന്നെ കുറെ നാൾ എടുത്ത് അത് ശരിയായി വന്നപ്പോഴേക്കും പിന്നെ പഴയതുപോലെ പാടാൻ കഴിയാതെയായി, എന്നാലും ഞാൻ പാടുന്നു ഒക്കെ ഉണ്ട്"



ഇത്രയും അഞ്ജലി പറഞ്ഞെങ്കിലും പിന്നെ സംസാരശേഷി നഷ്ടപ്പെട്ടത് എനിക്ക് ആയിരുന്നു.


ഒന്നു പൊരുതി നോക്കാതെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരു നിമിഷത്തെ ഞാൻ അന്ന് ആ നിമിഷം ഓർത്തു. ഒരു പക്ഷേ അന്ന് ഞാൻ ഈ ലോകത്തോട് വിട പറഞ്ഞിരുന്നെങ്കിൽ ഞാൻ ബാക്കി വെച്ചിട്ട് പോകുന്നതായിരിക്കും, മാതാപിതാക്കളുടെ ഉറവ വറ്റാത്ത കണ്ണുനീർ മാത്രം.


അന്നുമുതൽ അഞ്ജലി സണ്ണി എന്ന വ്യക്തി എൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ ആയി മാറുകയായിരുന്നു.

എന്നെ എൻറെ ജീവിതത്തിൽ സ്വാധീനിച്ച വ്യക്തികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാൾ.


ഇവിടെ ഞാൻ മനസ്സിലാക്കുന്നത് ഞാൻ അറിഞ്ഞത് ഞാൻ പഠിച്ചത് അഞ്ജലി സണ്ണി എന്ന ഒരൊറ്റ വ്യക്തിയെ മാത്രമല്ല ജീവിതത്തെ മറ്റൊരു വശങ്ങളിലൂടെ കാണുന്ന പോരാടുന്ന ഒരു ഒരു കൂട്ടം വ്യക്തികളുടെ പ്രതി രൂപത്തെയാണ്.

ജീവിതം പോരാടുന്ന വർക്ക് മാത്രമുള്ളതാണ് എന്നുള്ള തിരിച്ചറിവ്,എന്നെ സമയം ഇനിയും ഉണ്ട് ഒന്നിൽനിന്ന് തുടങ്ങാൻ ഇനിയും കഴിയും എന്ന് മനസ്സിലാക്കി തിരിച്ചു തന്നു.


ജീവിതത്തിൻറെ അൾട്ടിമേറ്റ് ലക്ഷ്യം എന്നുള്ളത്  ജീവിച്ചു തീർക്കുക എന്നുള്ളത് തന്നെയാണ് ആണ് ,പക്ഷേ ജീവിതം എങ്ങനെയൊക്കെ മനോഹരമാക്കാം എന്നുള്ളത് നമ്മുടെ കൈയിൽ ആണ്.


ഭൂമിയിൽ ജനിച്ചാൽ മരിക്കും എന്നുള്ളത് മാത്രമാണ് നമുക്ക് ഉറപ്പിച്ചു പറയാൻ പറ്റുന്ന ഒന്ന്. അതിപ്പോ പാവപ്പെട്ടവൻ ആയാലും ശരിയാണ് പണക്കാരൻ ആയാലും ശരിയാണ്, അപ്പൊ പിന്നെ ആ കുറഞ്ഞ സമയത്തിനുള്ളിൽ ബാക്കിയുള്ള ജീവിതം സന്തോഷത്തോടെ സമാധാനത്തോടെ ജീവിച്ചു തീർക്കുക എന്നുള്ളതാണ് നമ്മൾക്ക് മുന്നിലുള്ള ഏകലക്ഷ്യം.


അഞ്ജലി എന്നിലേക്ക് വീശിയ ആ പ്രകാശം അത് പറയാതെ പറയുന്ന ഒത്തിരി കാര്യങ്ങൾ…


1.അൽപ്പായുസ്സ് ആയിട്ടുള്ള മനുഷ്യർക്കിടയിൽ ഈഗോക്ക്‌ എന്താണ് സ്ഥാനം.?


2.ജീവിതത്തിൽ നമ്മൾ കണ്ട ഒരു വഴി അടഞ്ഞു എന്ന് കരുതി നമ്മുടെ ജീവിതം തന്നെ അടഞ്ഞു എന്നാണോ?


3. നമ്മളിലേക്ക് എത്തുന്ന സന്ദേശങ്ങൾ അയക്കുന്നത് ചെറിയവൻ ആയിക്കോട്ടെ വലിയവൻ ആയിക്കോട്ടെ ഫോളോവേഴ്സ്ന്റെ എണ്ണത്തിലല്ല. നമ്മൾ അത് കണ്ടു കഴിഞ്ഞാൽ നമുക്ക് അതിനുള്ള മറുപടി കൊടുക്കുന്നത് കൊണ്ട് നമുക്ക്  എന്ത് നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്?


അതൊരുപക്ഷേ മറ്റൊരാളുടെ ജീവനു വരെ വിലയുള്ള സന്ദേശങ്ങൾ ആയിക്കൂടെ? ചിലപ്പോൾ നമ്മുടെ ചെറിയ മറുപടി വരെ മറ്റുള്ളവർക്ക് സന്തോഷത്തിന് ഇട വരുകയാണെങ്കിലോ?



4. ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങൾക്കും അതിന് തക്കതായ കാരണങ്ങൾ ഉണ്ട് എന്നുള്ള വിശ്വാസത്തിൽ ജീവിതം മുന്നോട്ടു പോകുക.

ഇവിടെ എനിക്ക് ട്രെയിൻ കിട്ടാതെ തിരുവനന്തപുരത്തേക്ക് പോകാൻ കഴിഞ്ഞതും അതുകൊണ്ട് അഞ്ജലിയെ പരിചയപ്പെടാൻ സാധിച്ചതും അതുകൊണ്ടുതന്നെ.

ഇനി അഞ്ജലിയുടെ ജീവിതം നോക്കൂ, ആർട്ടിസ്റ്റ്ലേക്കുള്ള വഴി ആ കുട്ടി പറഞ്ഞു കഴിഞ്ഞു.



5. ജീവിതത്തിൽ സംഭവിക്കുന്നതൊക്കെയും നല്ലതിനാണ് എന്ന് വിശ്വസിക്കുക.

നമുക്കുണ്ടാവുന്ന പ്രശ്നം എത്ര വലിയ ഗുരുതരമായ ഒന്നാണെങ്കിലും ഇതും കടന്നു പോകും ഞാൻ ഇതിനെ തരണം ചെയ്യും.

തോറ്റു പോകും എന്ന് കരുതുന്ന നിമിഷം നിങ്ങൾ നിങ്ങളുടെ മനസ്സിൽ പറയുക എൻറെ ജീവിതം തീർച്ചയായിട്ടും ഇനി വരുന്ന തലമുറയ്ക്ക് ഒരു പ്രചോദനം ആക്കിയിട്ടേ ഞാൻ ഈ ലോകത്തോട് വിട പറയൂ.

മുൻപ് പറഞ്ഞതുപോലെ തന്നെ ജീവിക്കുക എന്നുള്ളതാണ് നമ്മുടെ എല്ലാവരുടെയും ലക്ഷ്യം.

റൂസോ പറഞ്ഞപോലെ" ജനിച്ചു വീഴുന്ന മനുഷ്യൻ ചങ്ങലകളാൽ ബന്ധിതനാണ്"


ആ ബന്ധനം ഉണ്ടാക്കിയതും മനുഷ്യർ തന്നെയാണ് അതുകൊണ്ട് തോറ്റു പോയതുകൊണ്ടോ ജയിച്ചത് കൊണ്ട് അവൻ മഹാൻ ആവുന്നില്ല.

മറിച്ച്  മറ്റ് സഹജീവികളായ മനുഷ്യരോട് സ്നേഹവും നന്ദിയും ആത്മാർത്ഥമായി പുലർത്തുന്നവരാണ് യഥാർത്ഥ ജേതാവ്.



6. മറ്റുള്ള ആളുകളോട് തുറന്നു സംസാരിക്കുക അവരുടെ ജീവിതം പഠിക്കുക കാണുക അറിയുക.

ഒരു പക്ഷേ നമ്മൾ എന്തായിരുന്നു എന്നുള്ള ബോധം അത് ഊട്ടിയുറപ്പിക്കാൻ സഹായിച്ചു എന്നു വരാം.



7. കാലങ്ങളായി നമ്മൾ ഓരോരുത്തരും കേട്ടു പഠിച്ച കുറേയേറെ കൺസെപ്റ്റ്കൾ ഉണ്ട്. 

നമ്മൾ എല്ലാവരും ഈ ഭൂമി വീട് ആക്കിയ സാധാരണ മനുഷ്യനാണ് എന്നുള്ള ചിന്ത മാത്രം മതി നന്നായി ജീവിക്കാൻ.


8. അന്ന് ഞാൻ നേരം ഇരുട്ടി വെളുക്കുമ്പോൾ ഉണരാതെ ഇരുന്നെങ്കിൽ എന്ന് പറഞ്ഞതിന് ശപിച്ചു കൊണ്ട് നാളെ എങ്ങാനും ഞാൻ ഉണർന്നില്ല എങ്കിൽ ഞാൻ  ബാക്കി വെക്കുന്ന ഒത്തിരി കാര്യങ്ങൾ ആരാണ് ചെയ്യാൻ ഉണ്ടാവുക?

അതെന്നെ കൊണ്ടുമാത്രമേ കഴിയൂ എന്ന് ചിന്തിച്ചത് ജീവിതം ആവേശത്തോടെ കൂടി മുന്നോട്ടു പോവുക.



9. വരാനുള്ളത് വരട്ടെ,

 ജീവിതം അതൊരു puzzle ആയി നോക്കു.

ഓരോ പ്രതിബന്ധങ്ങളും തരണം ചെയ്യുന്നതിനാണ് അതിൻറെ ഭംഗി ഇരിക്കുന്നത്.



10. ഇനിയുള്ള ജീവിതം , അറിയാത്ത പല കാര്യങ്ങളും അറിയാൻ ശ്രമിക്കുക ,പോകാത്ത പല സ്ഥലങ്ങളും യാത്രചെയ്യുക, വായിക്കാത്ത പല പുസ്തകങ്ങളും വായിക്കാൻ ശ്രമിക്കുക ,അറിയാത്ത പല ആളുകളെയും അറിയാൻ ശ്രമിക്കുക, നല്ല നല്ല കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുക.

നോക്കൂ, ജീവിതം ഒന്നേയുള്ളൂ, നിങ്ങളുടെ പാതി ആയുസ്സ് കത്തിത്തീർന്നു, അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിൻറെ സെക്കൻഡ് ഹാഫ് അടിപൊളി ആക്കാൻ ശ്രമിക്കുക.


നിങ്ങളുടെ ജീവിതം വരയ്ക്കേണ്ടത് തീർച്ചയായും നിങ്ങൾ തന്നെ.


 വീണു പോയേക്കാം തകർന്നു പോയേക്കാം പാതിവഴിയിൽ നഷ്ടപ്പെട്ടേക്കാം.

ധൈര്യമായി മുന്നോട്ടു പോകുക ഓരോ ജീവിതത്തിനും ഒരു നിയോഗമുണ്ട്.

അതറിയണമെങ്കിൽ ദൈവം നമുക്ക് വച്ചുനീട്ടിയ ഈ ജീവനും ആയുസ്സും അത് തീരുന്നതുവരെ ജീവിച്ചു തീർക്കുക.




ഒരുപക്ഷേ മറ്റുള്ളവരുടെ ജീവിതത്തിന് നമ്മൾ പ്രകാശമായേക്കാം.!



Deepak Anchangaparambil












10 comments: