മലയാളിയുടെ ഓണക്കാല ഓർമകൾ
പണ്ട് നാടു ഭരിച്ചിരുന്ന മഹാബലി തമ്പുരാൻ അദ്ദേഹത്തിന്റെ പ്രജകള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ വരുന്ന സുദിനമാണ് ഓണം. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടിനിടയിലും ആ ജനത അദ്ദേഹത്തിന്റെ സന്തോഷത്തിനായി ഒരുങ്ങിയിരിക്കുന്നു. എത്ര മനോഹരമായസങ്കല്പ്പം അല്ലേ.
ഓണം എന്നത് സത്യത്തിൽ ആഹ്ലാദത്തിന്റെയും ഐശ്വര്യത്തിന്റെയും മറക്കാൻ ആവാത്ത ദിവസങ്ങളാണ്. ബാല്യത്തിന്റെ കുറെ നല്ല ഓര്‍മകള്‍ ഇന്നും ഓണത്തിനോട് അടുക്കുമ്പോൾ മനസ്സിലേക്ക് വന്നുചേരുന്നു.
ഓണപരീക്ഷ, കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കാത്തിരുന്നതും അതുപോലെതന്നെ ചെറിയ പേടിയോടെയും കണ്ടിരുന്ന പരീക്ഷ. പരീക്ഷയുടെ അവസാന നാളുകൾ എത്തുമ്പോഴേക്കും സന്തോഷം കുമിഞ്ഞുകൂടും. അവസാനത്തെ ദിവസത്തെ പരീക്ഷാവിഷയം കണക്കാണ് എന്നാലും ഒരു കണക്കിന് കഴിഞ്ഞാൽ മതിയെന്ന് തന്നെയാണ് ചിന്തിച്ചിരുന്നത്.
പരീക്ഷ കഴിഞ്ഞാൽ മറ്റു ക്ലാസിലെ കുട്ടികളുമായി ചേർന്നുള്ള ഫുട്ബോളും ക്രിക്കറ്റും ഒക്കെ ആയിട്ട് ഗ്രൗണ്ട് ഉഴുതുമറിക്കൽ. ആ ഒരു ദിവസം മാത്രം അൽപ്പമൊന്നു വൈകി വീട്ടിൽ ചെന്നാൽ മതി എന്നാണ്, ഇനിയിപ്പോ അങ്ങനെ അല്ലെങ്കിൽ പോലും മുൻകൂറായി അനുവാദം വാങ്ങി ഉണ്ടാവും. 90 ശതമാനവും കളിയുടെ അവസാനം അടിയുണ്ടാക്കി പിരിയുക തന്നെയാണ് പതിവ്, എന്നാലും അത് പിറ്റേദിവസത്തെ ഓണപരിപാടിവരയെ ആയുസ്സ് കാണുകയുള്ളൂ.
ക്ലാസിലെ എല്ലാ കുട്ടികളും ഒരുമിച്ച് പങ്കെടുക്കുന്നതും പരിചയപ്പെടുന്നതും അതുവരെ ക്ലാസിൽ ഒതുങ്ങിനിന്ന ആൾക്കാരും അങ്ങനെ തുടങ്ങി എല്ലാ കൂട്ടുകാരും ഒരുപോലെ ചിരിച്ചും കളിച്ചും തിമിർത്തും ആഘോഷിക്കുന്ന ഒരു ദിവസം.
പരീക്ഷ തീരാനുള്ള രണ്ടുദിവസം മുമ്പേ പൂവും പൂക്കളത്തിനുമായുള്ള പിരിവ് തുടങ്ങും. ചെറിയ ചെറിയ തുകകൾ ഒക്കെ സ്വരൂപിച് പൂവ് വാങ്ങാൻ അതുവരെ ക്ലാസിലെ ഒരു ഗുണവുമില്ല എന്ന് മുദ്രകുത്തിയ ബാക്ക് ബെഞ്ചേഴ്സ്നാണ് അത് വാങ്ങാനുള്ള ദൗത്യം ഏൽപ്പിച്ചത്.
അങ്ങനെ ഓണാഘോഷ ദിവസം ,പുതിയ ഡ്രെസ്സും ഒക്കെയായി ഒരുങ്ങി എല്ലാവരും ക്ലാസ്സിൽ വന്നു. അന്ന് അല്പം സ്വാതന്ത്ര്യം കിട്ടുന്നത് കൊണ്ടാവാം കുറച്ചുപേർ മൊബൈൽ ഫോണും ഡിജിറ്റൽ ക്യാമറയും ഐപോടും കയ്യിൽ കരുതി. സ്കൂളിൻറെ അടുത്ത് വീട് ഉള്ളവർക്ക് ആണ് മ്യൂസിക് സിസ്റ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്വം.
അങ്ങനെ എല്ലാവരും കൃത്യസമയത്തിന് ഒരു മണിക്കൂർ മുമ്പേ വന്നുചേർന്നു ഒരു കൂട്ടർ ഒഴികെ.
'പൂക്കൾ വാങ്ങാൻ വിട്ടവർ'.
പറഞ്ഞ സമയത്തിൽ നിന്ന് അഞ്ച് മിനിറ്റ് വൈകിയപ്പോഴേക്കും ക്ലാസിലെ പഠിക്കാൻ മിടുക്കരായ കുട്ടികൾ പൂക്കൾ വാങ്ങാൻ പോയവരെ കുറിച്ചുള്ള ആകുലതകൾ പങ്കുവെച്ചു. ചിലർ പിൻതാങ്ങിയും മറ്റുചിലർ തള്ളിപ്പറഞ്ഞും ഇരിക്കുന്നതിന്റെ ഇടയിലാണ് പൂക്കൾ വാങ്ങാൻ പോയവരുടെ വരവ്.
ഇതുവരെയുള്ള കാര്യങ്ങളെല്ലാം തന്നെയും കോളേജിലും ഒരുപോലെ തന്നെയാണ്.
ചില കാര്യങ്ങൾ ഒഴിച്ച്,സ്കൂളിലെ ഓർമ്മകളിൽ നിന്നും തീർത്തും വിഭിന്നമല്ല കലാലയ ജീവിതത്തിലെ ഓർമ്മകൾ.
തോരണം കെട്ടലും, പൂക്കൾ ഒരുക്കലും, കളികളും ,കളിയാക്കലുകളും, കുറച്ചുപേർക്ക് ഇഷ്ടം തുറന്നു പറയാനുള്ള അവസരം കൂടിയാണ് ആ ദിവസം.
കോളേജിൽ പൂക്കളമൊരുക്കുന്നത് അതത് ഡിപാർട്മെന്റുകൾ ആണ്.അതുകൊണ്ട് തന്നെ ആ ഒരു അവസരത്തിലാണ് തൻറെ അതേ ഡിപാർട്മെന്റിലുള്ള മറ്റുകുട്ടികളെയും പരിചയപ്പെടാൻ അവസരം ലഭിക്കുന്നത്.
പൂക്കളമിടാൻ ഉള്ള അവസരം പെൺകുട്ടികൾക്കാണ്, എങ്കിലും അതിൻറെ ഔട്ട്ലൈൻ വരയ്ക്കാൻ ഉള്ള അവകാശം ആൺകുട്ടികൾക്കുള്ളതാണ്.
ആർപ്പുവിളികളും ബൈക്ക് ഷോസ് ഒക്കെ ആയി അടിപൊളി ദിവസം..
ഊണിനു ശേഷം രസം നിർബന്ധമാണ് എന്നു പറയുന്നതുപോലെയാണ്, ഓണാഘോഷത്തിന് ശേഷം അടി അത് എഴുതി വച്ചത് പോലെയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇതിന്റെയൊക്കെ ഭയപ്പാട് ഇരിക്കുന്നത് തുറന്ന് വരുന്ന ദിവസം ആണ്.
അന്ന് ഉത്തരക്കടലാസ് കിട്ടുമല്ലോ.
വീട്ടിലെത്തിയാൽ സ്വിച്ച് ഇട്ടത് പോലെ കൊച്ചു കുട്ടി ആയി മാറും,കാരണം എന്തോ അറിയില്ല. ഒരുപരിധിവരെ ദൂരദർശനിലെ പഴമയെ തൊട്ടുണർത്തുന്ന ഓണപ്പാട്ടുകളും മനസ്സിനെ സ്വാധീനിച്ചുകാണണം.
ഓണവും, അതിന്റെ ഐതിഹ്യങ്ങളും മുത്തശ്ശി വക വേറേയും.
ഒരുമിച്ചിരുന്നുള്ള പായസം തയ്യാറാക്കൽ, അതിന് വേണ്ടിയുള്ള തേങ്ങാപ്പാൽ പിഴിയൽ..
തൊടിയിലെ കൊക്കോ മരത്തിന്റെ താഴെയുള്ള ചിതൽപുറ്റ് എടുത്ത് കുഴച്ച് മുറ്റത്തുണ്ടാക്കുന്ന ഓണത്തറ.
പൂക്കളുടെയോ നക്ഷത്രത്തിന്റെയോ രൂപത്തില്‍ വരച്ച് ചേർത്തുണ്ടാക്കുന്ന പൂക്കളം. പൂക്കളുടെ അളവനുസരിച്ച് നില കൂട്ടിയും കുറച്ചും കണക്കെടുക്കുന്ന സഹോദരങ്ങൾ.
നേരത്തെ എണീറ്റ് പാടവും തൊടികളുംകയറിയിറങ്ങിയുള്ള പൂ പറിക്കൽ. പുലർകാല മഞ്ഞിൽ കണ്ണ് തിരുമി, എല്ലാവരും വരമ്പിലൂടെ കഥകളും വീമ്പുകളും ഒക്കെയായി നടക്കും.
തമ്പി ചേട്ടന്റെ വീടിനോടു ചേർന്നുള്ള സർപ്പക്കാവിൽ,ഭാഗ്യമുണ്ടേൽ സർപ്പത്തെ കാണാമെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്തോ ഭാഗ്യമുണ്ടേലത്രേ കാണാൻ സാധിക്കു.
വരമ്പിൽ നിന്ന് കലുങ്കിലേക് കേറി,അല്പം നേരം കാലുകളിലെ ചെളി കഴുകി കളയാൻ താഴെ ഒഴുക്കുന്ന തെളിനീരുറവയിലേക്ക് നീട്ടി ഇടും.എന്ത് തണുപ്പ്.
പാടത്ത് ഞങ്ങളെ പോലെ മറ്റു കുട്ടികളും പൂക്കൾ പറിക്കാൻ വന്നിട്ടുണ്ട്. കൂട്ടത്തിൽ കുറവുള്ള ആൾക്കാർക്ക് കൂടുതൽ കിട്ടിയവർ കിട്ടുന്ന പൂക്കള്‍ പങ്കുവെക്കും.
തുമ്പയും, മുക്കൂറ്റിയും, അരിപ്പൂവും, ചെത്തിയും, ചെമ്പരത്തിയും, കാശിതുമ്പയും, നന്ത്യാര്‍വട്ടവും, മത്തപൂവും, പിന്നെപിന്നെ പേരരിയാത്ത പല പല പൂക്കളൂം, നിറമുള്ള ഇലകളും.ഇലക്കീറുകളായും, താളിന്റെ ഇലകളിലും പൊതിഞ്ഞ് വാടാതെ,നനയാതെ കാത്ത് സൂക്ഷിക്കും.ഇന്നതെ ആവശ്യം കഴിഞ്ഞാൽ ബാക്കി നാളത്തേക്.
പിറ്റേന്ന് ആരും വിളിക്കാതെ തന്നെ ഉണര്‍ന്ന് പഴയ പൂമാറ്റി,ചാണകം കൊണ്ട് മെഴുകി പൂക്കളം ഒരുക്കല്‍.
ഇടയ്ക്ക് അയൽപക്കത്ത് വീട്ടിൽ പോയി അവരുടെ നോക്കി ഓടി വരും.
ആരുടെ പൂക്കളമാണ് വലുത് ആരുടേതാണേറ്റവും ഭംഗി എന്നൊക്കെ നോക്കി കണ്ട് മനസിലാക്കി. അതനുസരിച്ച് പിന്നെയും ഒരുമാറ്റം വരുത്തല്‍.
വെയില്‍ മൂക്കുവോളം അതിനെ ചുറ്റിപറ്റിനില്‍ക്കുക, ഭംഗി ആസ്വദിക്കുക, പൊങ്ങച്ചം പറയുക. പിന്നെയും ഉച്ചക്ക്പൂ പറിക്കാനുള്ള യാത്ര. അത്രക്കും സന്തോഷത്തോടെ വെറേഎന്തെങ്കിലും ഉണ്ടായിരുന്നോ ജീവിതത്തില്‍…
എന്ത് രസമായിരുന്നു ചെറുപ്പം.മനസ്സിന് ഭാരമില്ലാതെ എന്ത് രസമായിരുന്നു.
കെ എസ് ചിത്രമ്മായുടെ മനോഹരമായ ശബ്ദത്തിൽ കേൾക്കുന്ന ഗാനം കേട്ടുള്ള ഉറക്കം ഉണരുന്നത് തന്നെ എന്ത് രസമായിരുന്നു ആ കാലത്ത്. അന്ന് ഇന്നത്തെ പോലെ USB സിസ്റ്റം ഇല്ലാ, കാസറ്റുകളാണ് കൂടുതലും.
അത്തത്തിനു തുളസി മാത്രം, ചിത്തിരക്കു വെള്ളപ്പൂക്കള്‍,അനിഴത്തിന് കുട വയ്ക്കൽ, ത്യക്കേട്ടക്ക് വാലുള്ള പൂക്കളം, മൂലത്തിന്മൂന്നിടത്ത്, പൂരാടത്തിന് പടിപ്പുറത്തും പൂക്കളം,തുമ്പക്കുടം പറിച്ചുവെക്കൽ. ഉത്രാടസന്ധ്യക്കു പൂമാറ്റല്‍. തിരുവോണത്തിന് ഓണാത്തപ്പനെ വയ്ക്കൽ. തുമ്പപ്പൂവട. അരിമാവു കൊണ്ട് പടിയില്‍കളം വരക്കല്‍.
പിന്നെ ഓണം കൂവല്‍.ഏറ്റവും ആദ്യം ഉച്ചത്തിൽ നീട്ടി കൂവുന്നതാരുടെ വീട്ടില്‍ മാവേലി എത്തും എന്നതുകൊണ്ട് അതൊരു അഭിമാനപ്രേശ്നമാണ്.
അങ്ങിങ്ങൊക്കെ പോയി പടിപ്പുറത്തെ പൂവട തിന്നുക.
പുത്തൻ മണമുള്ള, പുത്തൻ വസ്ത്രം അണിഞ്ഞു നാലാളെ കാണിച്ചു നടക്കുക.
വെറുംവയറ്റില്‍ അടയും ഉപ്പേരിയും തിന്നു മത്ത് പിടിക്കുക.
പിന്നെ വിശേഷാൽ ഉച്ചകാലത്തെ ഓണസദ്യ.
വയറുപൊട്ടും വരെ കഴിച്ചശേഷം, വെട്ടിയിട്ടത് പോലുള്ള ഉറക്കം..
ഉണരുമ്പോ വല്ലാത്ത വിഷമമാണ്,കാത്തിരുന്ന് കിട്ടിയ ആ ദിവസം ഇവിടെ തീർന്നു പോയല്ലോ എന്ന് ഓർത്ത്.
മലയാളിയുടെ ഗൃഹാതുരത മുഴുവൻ ചാലിച്ച പുഷ്പ പാതയിലൂടെ കഥയിലെ അനശ്വരനായ രാജാവ് വന്നെത്തുന്ന ദിവസമാണിന്ന്. നേരും, നെറിയും, നൂറുമേനി വിളഞ്ഞിരുന്ന ഒരു സമൃദ്ധ കാലത്തിൻറെ സ്മൃതി സുഗന്ധമുണ്ട് മാവേലിനാടിന്. കള്ളപ്പറയും ചെറുനാഴിയും ഇല്ലാത്ത എള്ളോളം പോലും പൊളിവചനം ഇല്ലാത്ത ആ നാടിൻറെ ഓർമ്മയ്ക്ക് മറ്റ് എന്നത്തെയുംകാൾ ഇത്തവണ പ്രസക്തിയേറുന്നു.
വിളവെടുപ്പിനും ശുഭപ്രതീക്ഷയുടെയും നിത്യഹരിത സന്ദേശമാണ് ഈ വസന്തോത്സവതിനുള്ളത്. സമത്വസുന്ദര വും അഴിമതിരഹിതവുമായൊരു കാലം മുഖം നോക്കുന്ന ശുഭ സ്വപ്നം കൂടി അതേ കഥയിലുണ്ട്.
നല്ല നാളേക്ക് വേണ്ടി പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.
"മാവേലി നാടുവാണീടും കാലം,
മാനുഷ്യരെല്ലാരും ഒന്നുപോലെ,
ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങാർക്കുമൊട്ടില്ലതാനും,
കള്ളവുമില്ല ചതിയുമില്ല,
എള്ളോളമില്ല പൊളിവചനം.
കള്ളപ്പറയും ചെറുനാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല."
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..
Post Comment
No comments